ആകാശപ്പാവാട

സൈനുവിന് കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല. അവൾ ഏങ്ങലടിച്ച് ഉറക്കെയുറക്കെ കരഞ്ഞു. ദേവുവും, മണിക്കുട്ടിയും, സീനയും കൂട്ടം കൂടി നിന്ന് അടക്കം പറയുകയാണ്. സീന തന്റെ നേരെ കൈ ചൂണ്ടി, ചുണ്ടൊന്നു കോട്ടി ചിരിക്കുന്നതും സൈനു കണ്ടു. അവൾ ഓടി പിന്നിലെ ബഞ്ചിനരികിലെത്തി. ഡെസ്കിൽ ഇരുന്ന പുസ്തകവും, ബുക്കുകളും, ബോക്‌സും വലിച്ചു വാരി ബാഗിലിട്ടു.


പിന്നെയൊന്നും ആലോചിച്ചില്ല, മൂലയിൽ ചാരി വെച്ചിരുന്ന കുടയുമെടുത്ത് സൈനു ക്ലാസ്സു മുറിയിൽ നിന്നിറങ്ങി ഒറ്റയോട്ടം. സ്‌കൂളിനു പിറകിലുള്ള ഇടവഴി ചേരുന്നത് കനാലിന്റെ കരയിലാണ് . കനാൽ ബണ്ടിലൂടെ നേരെയങ്ങു പോയാൽ പ്ലാവിഞ്ചോടെത്തും. അവിടെയാണ് സൈനുവിന്റെ വീട്.


ആ ഇടവഴി അന്ന് ഒരു പെരുമ്പാമ്പിനെ പോലെ അവൾക്കു മുന്നിൽ വളഞ്ഞു പുളഞ്ഞിഴഞ്ഞു കിടന്നു.


" എന്തു പറ്റി സൈനുവേ..? ഈ നേരത്ത് ഇതെങ്ങോട്ടാ ഓട്ടം?"

കുഞ്ഞാപ്പു ചേട്ടൻ ടീച്ചർമാർക്ക് ചായയും, കടിയുമായി വരുന്ന വഴിയാണ്.


കുഞ്ഞാപ്പു ചേട്ടന്റെ ചായപ്പീടികയിലെ ഉണ്ടമ്പൊരിയോ, വടയോ കയ്യിലില്ലാതെ സൈനുവിന്റെ അച്ഛൻ ഇന്നു വരെ വൈകിട്ട് വീട്ടിലേക്ക് വന്നിട്ടില്ല. ഇടവഴിക്കപ്പുറത്തെ തടി മില്ലിലാണ് അച്ഛനു പണി. ചായപ്പീടികയ്ക്കും, തടി മില്ലിനും ഒരേ മതിലാണ്‌. ആ മതിലിന്റെ മുകളിൽ ഇരുന്നാണ് കുഞ്ഞാപ്പു ചേട്ടനും, അച്ഛനും കൂട്ടുകാരായത്.


കുടുകുടാ നിറഞ്ഞൊഴുകുന്ന കണ്ണീരു തുടച്ചെറിഞ്ഞ് ഒന്നും മിണ്ടാതെ കുഞ്ഞാപ്പുചേട്ടനെ പിന്നിട്ട് അവൾ ഓടി. ഇടവഴിയുടെ ഈടിൽ നിറയെ വള്ളിപ്പടർപ്പുകളാണ്. അതിൽ നിറയെ കിളിക്കൂട്ടങ്ങളും. അതുങ്ങളോട് കിന്നാരം പറഞ്ഞു നിന്നു മിക്കപ്പോഴും സൈനു രണ്ടാം ബെല്ലടിക്കുമ്പോൾ ഓടിക്കിതച്ചു ക്ലാസ്സിൽ കയറുകയാണ് പതിവ്. എന്നാലിപ്പോൾ ആ ചിലപ്പു കേട്ടതും സൈനുവിന് കലി കയറി. അവൾ താഴെ കിടന്ന ഒരു കല്ലെടുത്ത് വള്ളിപ്പടർപ്പുകളിലേക്ക് വലിച്ചെറിഞ്ഞു.

" എന്നാ പറ്റി സൈനുവേ ..?"

എന്ന് കിലു കിലുക്കി കിളിക്കൂട്ടം അവൾക്ക് ചുറ്റി പറന്നു. കുടയെടുത്ത് അവളൊരു വീശു വീശി. കുടയങ്ങു നിവർന്നതും പാത്തു പാത്തു പറക്കുന്ന വമ്പൻപരുന്താണെന്നോർത്ത് കിളിക്കൂട്ടം നാലുപാടും ചിതറിപ്പറന്നു.


ഇടവഴി താണ്ടി കനാൽക്കരയിൽ എത്തുമ്പോൾ വർണ്ണ ലേസ് പിടിപ്പിച്ച ഫുൾ പാവാട കാനാലിൽ ഒലുമ്പി പിഴിഞ്ഞ് സൂസന്നച്ചേച്ചി ബണ്ടിലേക്ക് കയറിവരുന്നുണ്ട്.

" ഇന്നെന്താ സൈനൂ.. സ്കൂള് നേരത്തെ വിട്ടോ..കഷ്ടായല്ലോ.. പുത്തൻ പാവടയൊക്കെ ഇട്ട് ഗമയിൽ പോയിട്ട്...? "


സൂസന്നചേച്ചിയ്ക്ക് ഒരായിരം ഫുൾ പാവാടയുണ്ട്. ഓരോന്നിനും തരാതരം ലേസും . സൂസന്ന ചേച്ചിയുടെ പാവാടകൾ കണ്ടപ്പോഴാണ് സൈനുവിന് പാവാടമോഹം കലശലായത്. ഇത്തവണ സ്‌കൂൾ തുറക്കുമ്പോൾ പുത്തൻ പാവാടയൊന്നു വേണമെന്ന് അവൾ വാശി പിടിച്ചു, അതും വെറും പാവാടയല്ല, ലേസുള്ള പാവാട. സ്‌കൂൾ തുറന്നു വരുമ്പോൾ ക്ലാസ്സിലെ ഗമക്കാരികളൊക്കെ പാവാടക്കാരികളായിരിക്കുമെന്ന് സൈനുവിന് ഉറപ്പായിരുന്നു. അവരുടെ കൂട്ടത്തിൽ കൂടാൻ സൈനു കണ്ടു പിടിച്ച ഒരു വഴി കൂടിയാണ് ഈ ലേസുള്ള ഗമപ്പാവാട.


" ന്റെ സൈനൂ.. അതിനൊക്കെ എത്ര കാശാവും !!! എന്തെല്ലാം ചെലവുള്ളതാ സ്‌കൂള് തുറക്കുമ്പോ..നമ്മള് പാവാട മേടിക്കണോ.. അതോ ബുക്കും പേനയുമൊക്കെ വാങ്ങണോ ? " അമ്മ മാസക്കണക്കിന്റെ എണ്ണിത്തിട്ടപ്പെടുത്തലിനിടയിൽ ചോദിച്ചു.


" പാവാടയില്ലെങ്കിൽ ഞാൻ സ്‌കൂളിലേക്കില്ല" സൈനു ഉറപ്പിച്ചു പറഞ്ഞു.


" ഒരു വീട്ടിൽ കൂടി പണിയൊത്തിട്ടുണ്ട് , നോക്കട്ടെ കൂട്ടിയാ കൂടുവോന്ന് "


അമ്മയ്ക്ക് വീട്ടുപണിയാണ്, രുക്മിണി ടീച്ചറുടെ വീട്ടിൽ. ടീച്ചർക്ക് സൈനുവിനെ വലിയ ഇഷ്ടമാണ്. അതുകൊണ്ടാണല്ലോ ടീച്ചറുടെ വീട്ടിൽ ചിക്കൻ വെക്കുമ്പോഴെല്ലാം അമ്മയുടെ കയ്യിൽ ചിക്കൻ പാർട്ട്സ് സൈനുവിനായി അവർ കൊടുത്തുവിടുന്നത്. അമ്മ വൈകുന്നേരം അത് വറുത്തരച്ചു കറി വെയ്ക്കും. അതിന്റെ മണം മതി സൈനുവിന് ഒറ്റപ്ളേറ്റ് ചോറ് ഒറ്റയിരുപ്പിനു അകത്താക്കാൻ.


ഒരു വീട്ടിൽ കൂടി അമ്മ പോയാൽ പാവാട വാങ്ങാനുള്ള കാശെത്തും എന്ന് സൈനു സമാധാനിച്ചു . ലേസുള്ള പാവാടയുമിട്ട് ദേവുവിന്റെയും, മണിക്കുട്ടിയുടെയും, സീനയുടെയും കൂട്ടുകൂടി ആടിപ്പാടി നടക്കുന്നത് സ്വപ്നം കണ്ടിരുന്ന ഒരു ദിവസം വൈകുന്നേരമാണ് അമ്മ ആ പൊതി അവളുടെ മുന്നിലേക്ക് നീട്ടിയത്. തുറന്നതും സൈനു തുള്ളിച്ചാടി. സ്വർണ്ണ ലേസുള്ള ആകാശനീല പാവാട..!!


"ദാ .. പൊന്നും വില കൊടുത്തു വാങ്ങിയതാ ...പൊന്നു പോലെ സൂക്ഷിച്ചോണം " അമ്മ

പറഞ്ഞുതീരും മുന്നേ അവൾ അത് അരക്കെട്ടിൽ വെച്ച് പാകം നോക്കി.. ആഹാ.. കിറു കൃത്യം.. അളവെടുത്ത് തയ്ച്ച പോലുണ്ട് . പാവാടത്തുമ്പെടുത്ത് അവൾ ഒന്നിളക്കി. മാനത്തൂന്നിത്തിരി മുറിച്ചെടുത്ത് ഞൊറിഞ്ഞു തുന്നിയതു തന്നെ. സൈനു അമ്മയുടെ കവിളിൽ ഒറ്റക്കടി.. അമർത്തി ഒരുമ്മ.സ്‌കൂൾ തുറക്കാൻ അവൾ കാത്തു കാത്തിരുന്നു. തലേന്ന് അവൾക്ക് ഉറങ്ങാനേ കഴിഞ്ഞില്ല. ഒരു പ്രകാരം നേരം വെളുപ്പിച്ചു. പതിവിലും നേരത്തെ കുളിച്ചൊരുങ്ങി. ബാഗും, കുടയുമെടുത്തു. നീലപ്പാവാടയുടെ സ്വർണ്ണ ലേസ് മണ്ണിലുരസാതെ വിരലിൽ കോർത്ത് ഒന്നു പൊക്കി ചുറ്റിപ്പിടിച്ചു. നീലാകാശത്തിന്റെ ഒരു തുണ്ടടർന്നതു പോലെ അവൾ ക്ലാസ്സ് മുറിയിലേക്ക് പറന്നിറങ്ങി.
" ഹായ് എന്ത് രസാ നിന്റെ പാവാട "

" ഈ പാവാട ...കടല് പോലെ .."

" ഏയ്... മാനം പോലെ മിനുത്ത പാവാട.."


ചിലർ തൊട്ടു നോക്കി.. മറ്റു ചിലർ പാവാടയുടെ ഒരറ്റമെടുത്ത് മിനുസം നോക്കി. സൈനുവിന് ഒരായിരം പൂത്തിരി ഒപ്പം കത്തിച്ച പോലെ സന്തോഷമുണ്ടായി.അപ്പോഴാണ് ദേവുവും, മണിക്കുട്ടിയും, സീനയും ക്ലാസ്സിലേക്ക് കടന്നു വന്നത്. .സൈനു കരുതിയതു പോലെതന്നെ പാവാടക്കാരികളാണ് മൂന്നു പേരും. . അവൾ അവരുടെ അടുത്തേയ്ക്ക് ഓടിച്ചെന്നു.

" അമ്മ വാങ്ങിത്തന്ന എന്റെ ആകാശപ്പാവാട കണ്ടോ . " സൈനു കൂട്ടുകൂടാനായി പാവാട ചുഴറ്റി. പാവാടക്കാരികൾ മൂന്നു പേരും പുരികം ചുളിച്ചു.


സീന കണ്ണുരുട്ടി നോക്കി . എന്നിട്ട് ഉറക്കെയുറക്കെ ചിരിക്കാൻ തുടങ്ങി.

" ആകാശപ്പാവാടയോ... ഹ.. ഹ.. ഇതെന്റെ അലമ്പു പാവാടയല്ലേ.. ഇട്ടിട്ട്, മങ്ങി മങ്ങി , നരച്ചു കൊരച്ച അലമ്പു പാവാട".


ദേവു സൈനുവിന്റെ പാവാടയിൽ പിടിച്ച് ഒറ്റവലി.


മണിക്കുട്ടിയും, സീനയും

" ആകാശപ്പാവാട

അലമ്പു പാവാട

സൈനുപ്പെണ്ണിനു

ഔദാര്യപ്പാവാട " എന്നിങ്ങനെ പാടിക്കൊണ്ട് ക്ലാസ്സു മുഴുവൻ ഓടി നടന്നു.

സൈനുവിന് പാവാടത്തുമ്പ് മാനത്ത് കോർത്ത് അതിൽ തൂങ്ങിച്ചാവാൻ വരെ തോന്നി.സൈനുവിന് കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല. അവൾ ഏങ്ങലടിച്ച് ഉറക്കെയുറക്കെ കരഞ്ഞു.കനാൽ ബണ്ടു കടന്ന് സൈനു വീട്ടിലെത്തിയപ്പോൾ അമ്മയുണ്ട് കട്ടിലിൽ മൂടിപ്പുതച്ചു കിടക്കുന്നു.

" എന്തു പറ്റി സൈനൂ.. ആകാശപ്പാവാടയൊക്കെ ഇട്ടു പോയിട്ട് ഇന്നു ക്ളാസ്സില്ലേ .." അമ്മയുടെ ശബ്ദം തണുത്തു വിറച്ചു. " രുക്മിണി ടീച്ചറുടെ അടുക്കളപ്പണി ഒതുക്കീതും നല്ല കുളിര് തുടങ്ങി. അതോണ്ട് റീന മാഡത്തിന്റെ വീട്ടില് പോയില്ല.. നേരെയിങ്ങ് പോന്നു."


സൈനു ഒരു കഷ്ണം ചുക്കും, കുറച്ചു കുരുമുളകുമെടുത്ത് പുട്ടുകുടത്തിലിട്ടു.


" ആ... സൈനൂ... റീന മാഡത്തിന് നിന്റെ പ്രായത്തില് ഒരു മോളുണ്ട്.. സീന ..ഇനി അവധി ദിവസം പണിക്ക് പോവുമ്പോ ഞാൻ നിന്നേം കൂട്ടാം.. ആ കുട്ടിയ്ക്ക് ഒരു കൂട്ടാവും.."


"ഉം ..." എന്ന് വെറുതെയൊന്നു മൂളി സൈനു ആകാശപ്പാവാടയുടെ തുമ്പെടുത്ത് അമ്മ കാണാതെ മുഖം തുടച്ചു.
259 views