അല്ലിയുടെ പൂമണങ്ങള്‍

​അല്ലിക്ക് കരച്ചിൽ വന്നു. ടീന ടീച്ചറിന്‍റെ സയൻസ് ക്ലാസ്സാണ്. ഇലയും, പൂവും, ചെടിയും ഒക്കെയായി ടീച്ചർ ക്ലാസ് പൊടിപൊടിക്കുന്നുണ്ട് . ഓരോന്നായി കമ്പ്യൂട്ടറിലെ ക്യാമറയ്ക്ക് മുന്നിൽ എടുത്തു കാണിക്കുന്നുമുണ്ട്.

അല്ലി... പക്ഷേ.... കണ്ണടച്ചു.

" കാണണ്ട " അവൾ തീരുമാനിച്ചു.

" അല്ലിക്കുട്ടീ .... എന്തുപറ്റി? കണ്ണിൽ പൊടി പോയോ?" ടീച്ചർ കമ്പ്യൂട്ടറിലൂടെ വിളിച്ചു ചോദിച്ചു.

കണ്ണടയ്ക്കുന്നതും ഈ ക്യാമറയിലൂടെ കാണുമോ?! അല്ലി മുഖം കനപ്പിച്ചു.

" എനിക്കിങ്ങനെ കാണണ്ട. സാറയുടെ കയ്യിൽ പിടിച്ച്, ടീന ടീച്ചറിനെ തൊട്ടു നിന്ന് ഇലയും പൂവും ഒക്കെ കണ്ടാൽ മതി".

അല്ലി കണ്ണടച്ച് പുറം തിരിഞ്ഞിരുന്നു.


ടീന ടീച്ചറിന് ഓരോ ദിവസവും ഓരോ പൂക്കളുടെ മണമാണ്. ചിലപ്പോൾ മുല്ല, മറ്റുചിലപ്പോൾ പിച്ചി, ചിലനേരം മന്ദാരം....


ഇന്നാള് ടീച്ചർ അടുത്തു നിന്നപ്പോൾ ആമ്പൽ പൂവിൻറെ മണംകിട്ടി അല്ലിക്ക്.


ടീച്ചറിനെ തൊട്ടു നിന്നാൽ ആ മണമാണ് പിന്നെ തനിക്കെന്നും അല്ലിക്ക് തോന്നാറുണ്ട്. തോന്നലല്ല അത് ഉള്ളതു തന്നെയാണ്.


അവളുടെ കുഞ്ഞമ്മിണിപ്പാവ ഒരിക്കൽ അത് പറയുകയും ചെയ്തിട്ടുണ്ട്.

കുഞ്ഞമ്മിണിപ്പാവ പൂമണം പിടിച്ച്

"അല്ലിപ്പെണ്ണേ പുന്നാരേ .......

ലില്ലിപ്പൂമണമെങ്ങിനെ കിട്ടീ?!"

എന്നും പാടിക്കൊണ്ട് അവളുടെ കൂടെ അന്ന് തലകുത്തി മറിഞ്ഞു കളിച്ചു.

ഈയിടെയായി കുഞ്ഞമ്മിണി അതും പറഞ്ഞ് കളിയാക്കാറുണ്ട്.


" എവിടെപ്പോയെവിടെപ്പോയ്

അല്ലിപ്പെണ്ണേ കള്ളിപ്പെണ്ണേ

പൂമണമയ്യോ എവിടെപ്പോയ്"

എന്നാണ് ഇന്നലെ കുഞ്ഞമ്മിണി കണ്ണിറുക്കി പാടിയത്.


ചെവിയിൽ പിടിച്ച് ഒന്നു കിഴുക്കാനാണ് തോന്നിയത്. അത് പിന്നെ വേണ്ടെന്നു വച്ചു.

ഈയിടെയായി മിണ്ടാനും പറയാനും തൊട്ടു പിടിച്ചു കളിക്കാനുമുള്ള ആകെയൊരു കൂട്ടാണ് ഈ കാന്താരിക്കുഞ്ഞമ്മിണി.

കളിയാക്കിക്കൊണ്ടൊക്കെ നടക്കുമെങ്കിലും കുഞ്ഞമ്മിണിയ്ക്കും ഇടയ്ക്കൊക്കെ കരച്ചിൽ വരും, അല്ലിയുടെ കഷ്ടപ്പാട് ഓർത്തിട്ട്.

അമ്മ കഴിഞ്ഞ ദിവസം റോസിയാന്റിയോടു പറയുന്നത് കുഞ്ഞമ്മിണി പറ്റി നിന്ന് കേട്ടിരുന്നു.