ജോണിക്കുട്ടിയുടെ ഈസ്റ്റർ എഗ്ഗ്

Updated: May 15


കുഞ്ഞമ്മുക്കഥകളൊക്കെ ഇഷ്ടമായില്ലേ..?.

ഇന്ന് ദാ ഞാൻ.. ഈ അമ്മുവും ഒരു കഥയുമായാണ് വന്നിരിക്കുന്നത്... ഈസ്റ്റർ എഗ്ഗിന്റെ കഥ...


ജോണിക്കുട്ടിയുടെ ഈസ്റ്റർ എഗ്ഗ്! 

എല്ലാരും കഥ കേൾക്കാൻ റെഡിയായല്ലോ അല്ലേ.....


കരഞ്ഞുകരഞ്ഞ് ഇന്നലെ എപ്പോഴാണ് ഉറങ്ങിയത് എന്നറിയില്ല. വെയിൽ മുഖത്ത് അടിച്ചിട്ടും എഴുന്നേൽക്കാൻ തോന്നണില്ല.ജോണിക്കുട്ടി പുതപ്പ് വലിച്ച് മുഖത്തേക്കിട്ടു. " ജോണിക്കുട്ടാ... ഈസ്റ്ററാണ്, എഴുന്നേൽക്ക്".  അമ്മ അടുക്കളയിൽ നിന്ന് വിളിക്കുന്നുണ്ട്. എഴുന്നേറ്റിട്ട് എന്തു ചെയ്യാൻ! പുത്തനുടുപ്പില്ല! പോത്തിറച്ചിയില്ല! പള്ളിയിൽ പോകാനും പറ്റില്ല...!

ജോണിക്കുട്ടിയുടെ കണ്ണുനിറഞ്ഞു റാഫേൽ ഇപ്പോൾ എഴുന്നേറ്റു കാണും. അവൻറെ പുതിയ ഉടുപ്പ് കഴിഞ്ഞയാഴ്ച അമ്മയുടെ കൂടെ ചെന്നപ്പോ കാണിച്ചു തന്നതാണ്. റാഫേൽ താമസിക്കുന്ന ഫ്ലാറ്റിന് ഇരുപത്തഞ്ചു നിലകളാണ്. ലിഫ്റ്റിൽ കയറി ഓരോ നമ്പറിലും അമർത്തിയമർത്തി ഞാൻ എല്ലാ നിലയിലും ഇറങ്ങി നോക്കീട്ടുണ്ട്. ഇരുപത്തിമൂന്നാം നിലയിലാണ് റാഫേലിന്റെ വീട്. അവൻറെ ബാൽക്കണിയിൽ നിന്ന് താഴോട്ട് നോക്കിയാ ഈ വീട് തീപ്പെട്ടിക്കൂട് പോലെ കാണാം. ജോണിക്കുട്ടി കിടന്ന കിടപ്പിൽ  തലയൊന്നു ചുറ്റിച്ചു നോക്കി. ശരിക്കും.... ഈ വീട് തീപ്പെട്ടി കൂടിൻറെ അത്രേയേ ഉള്ളോ ??! ഏയ്.... തീപ്പെട്ടിക്കൂട്ടിൽ എങ്ങനെയാ മനുഷ്യരു കിടന്നുറങ്ങുക! പക്ഷേ, റാഫേലിന്റെ വീട് ഇതുപോലെ ഒറ്റമുറിയല്ല. അടുക്കളയ്ക്ക് വാതിലുമുണ്ട്. ഇവിടെ ഇപ്പോ അമ്മയൊന്ന് കടുകു വറുത്താ  തുമ്മീട്ട് കട്ടിലിൽ കിടക്കാനേ പറ്റില്ലല്ലോ. അവൻറെ വീട്ടിൽ അഞ്ചു വലിയ മുറികളാണ്. എന്തെല്ലാം കളിപ്പാട്ടങ്ങളാണെന്നോ അവന്! അമ്മയുടെ കൂടെ ചെല്ലുമ്പോ അവൻ എനിക്കും അതെല്ലാം കളിക്കാൻ തരും . അമ്മയ്ക്ക് അവിടെ നിറയെ പണി കാണും. പാത്രം മോറണം, തുണി കഴുകണം, ജനാല തുടയ്ക്കണം, അടിച്ചു വാരണം, അങ്ങനെയങ്ങനെ...അതുകൊണ്ട് എനിക്ക് സന്ധ്യയാകുന്നവരെ റാഫേലിന്റെ കൂടെ കളിക്കാം. കഴിഞ്ഞ ആഴ്ച ചെന്നപ്പോഴാണ് റാഫേൽ അത് കാണിച്ചു തന്നത്... ഒരു കുഞ്ഞു പെട്ടി, അതിനുള്ളിൽ കുറെ മുട്ടകൾ ...പലനിറത്തിലുള്ളവ !എടുക്കാൻ തുനിഞ്ഞപ്പോൾ  അവൻ പറഞ്ഞു. "ജോണീ... ഇപ്പോഴല്ല, ഈസ്റ്ററിന്. ഇത് ഈസ്റ്റർ എഗ്‌സാണ്, ഇതിനുള്ളിൽ സമ്മാനങ്ങളുണ്ട്." "സമ്മാനമോ?? എന്ത് സമ്മാനം !"

എനിക്ക് വിശ്വാസം വന്നില്ല "ചിലതിൽ കളിപ്പാട്ടങ്ങൾ, ചിലതിൽ ചോക്ലേറ്റുകൾ ...അങ്ങനെയങ്ങനെ. ഈസ്റ്ററിന് എഗ്ഹണ്ട് കളിച്ച്, തുറക്കാൻ ഡാഡി വാങ്ങിത്തന്നതാ." റാഫേൽ പെട്ടിയടച്ച് അവൻറെ അലമാരയിൽ വെച്ചു.


അന്ന് രാത്രി മുഴുവൻ സ്വപ്നം നിറയെ കുഞ്ഞു മുട്ടകളായിരുന്നു. സമ്മാനം വിരിയുന്ന മുട്ടകൾ..ഈസ്റ്റർ മുട്ടകൾ!! അപ്പോൾ ജോണിക്കുട്ടിയ്ക്ക്  ആദ്യമായി ചിന്നുക്കോഴിയോട് ദേഷ്യം തോന്നി. ഇവൾക്ക് സമ്മാനം വിരിയുന്ന മുട്ടകൾ ഇട്ടാലെന്താ?!

ചിന്നൂക്കോഴി അവൻറെ അടുത്ത ചങ്ങാതിയാണ്. അമ്മയുടെ ഒരേയൊരു സമ്പാദ്യം. ഉള്ളം കയ്യിൽ നിന്ന് ചിന്നു അരിമണി കൊത്തിത്തിന്നുമ്പോ ജോണിക്കുട്ടിയ്ക്ക് എന്നും  ഇക്കിളി കൂടും. വരാന്തയിലെ പൊട്ടക്കസേരയ്ക്കു പിറകിൽ അരിമണിക്ക് പകരം അവൾ മുട്ടകളിടും. പങ്കൻ പൂവൻ  വന്നാപ്പിന്നെ ചിന്നുവിന് വലിയ ഗമയാണ്, പിന്നെ  എത്ര വിളിച്ചാലും പെണ്ണ് കേട്ടമട്ടു വെക്കില്ല. രമണിച്ചേച്ചിയുടെ വീട്ടിലെ കോഴിയാണ് പങ്കൻ. ഈയിടെയായി ചിന്നുവിന്റെ കൂടെ കമ്പനി കൂടി കളിയാണ് എപ്പോഴും. ചിന്നുവിനെ  വഷളാക്കുന്നത് അവനാണ്. അവനൊരു കല്ലേറു ഞാൻ ഓങ്ങി വച്ചിട്ടുണ്ട്. ചിന്നുവിന്റെ കുറെ മുട്ടകൾ കുറച്ചു ദിവസം മുന്നേ അമ്മ ഒരു കുട്ടയിലാക്കി പൊട്ടക്കസേരക്കു പിറകിൽ വച്ചു. പുഴുങ്ങി തിന്നാൻ രണ്ടെണ്ണം എടുക്കാൻ ചെന്നപ്പോ അമ്മയെന്നെ ഒറ്റയടി. " റാഫേലിന്റെ പെട്ടിയിലെ മുട്ടയിൽ സമ്മാനങ്ങളുണ്ട്. ഇതിൽ ഉണ്ടാവുമോ അമ്മേ സമ്മാനം?" വെറുതേ ചോദിച്ചു. " ചോക്ലേറ്റും ,കളിപ്പാട്ടങ്ങളും ഒക്കെ ഉള്ളിലുള്ള മുട്ട ഒരെണ്ണം എനിക്കും വാങ്ങി തരുമോ?" " ഈസ്റ്ററിനു ഇത്തിരി ഇറച്ചി വയ്ക്കാൻ എന്താ  ഒരു വഴി ന്ന് ആലോചിക്കുമ്പഴാ ചെറുക്കന്റെ ചോക്ലേറ്റ് മുട്ട! പണി ഇല്ലാണ്ടായിട്ട്  മാസം ഒന്നായി. ഗ്രേസി മാഡത്തിന്റെ ദയ കൊണ്ടിപ്പോ ദിവസോം കഞ്ഞി കുടിച്ചു കിടക്കാം." അമ്മ എണ്ണിപ്പെറുക്കൽ തുടങ്ങി. കഴിഞ്ഞ ഒരു മാസായി എന്ത് ചോദിച്ചാലും ഇതൊക്കെ തന്നെയാ മറുപടി. ഗ്രേസി മാഡം റാഫേലിന്റെ മമ്മിയാണ്. അവിടെ ചെല്ലുമ്പോഴൊക്കെ  ഗ്രേസി മാഡം ഫ്രിഡ്ജിൽ ബാക്കിയുള്ളതൊക്കെ ഡബ്ബയിലാക്കി  തന്നു വിടും. കോഴിക്കറിയും ബീഫ് ഉലർത്തും ഒക്കെ കാണും. പിന്നെ രണ്ടു ദിവസം കുശാലാണ്. "ഡാ... കിടന്നു പകൽക്കിനാവ് കാണാണ്ട് എണീറ്റു വരുണുണ്ടോ??! വിളിയുടെ ഒച്ച മാറിത്തുടങ്ങി. ഇനിയും എണീറ്റില്ലെങ്കിൽ പെട ഉറപ്പാ. കണ്ണും തിരുമ്മി അടുക്കളയിലേക്ക് ചെന്നു.

" മോനിങ്ങു വാ.... ദാ നിനക്കൊരു സമ്മാനമുണ്ട്.." രണ്ടു കൈകൊണ്ടും  എൻറെ കണ്ണുപൊത്തി അമ്മ വരാന്തയിലേക്ക് കൊണ്ടുപോയി " ഇനി കണ്ണുതുറന്നേ..." പൊട്ടക്കസേരയ്ക്കു പിറകിൽ ... പൊട്ടി മറിഞ്ഞ മുട്ടകളിൽ നിന്ന്... തുള്ളിത്തെറിച്ച് കോഴിക്കുഞ്ഞുങ്ങൾ..! കൊക്കും കുത്തി വീഴുന്നവർ...ഏന്തിവലിഞ്ഞ് എണീക്കുന്നവർ... മെഴുമെഴാ മെഴുക്കിൽ നീന്തിത്തുടിക്കുന്നവർ... കുഞ്ഞിക്കണ്ണു ചിമ്മുന്നവർ...ചിന്നുവിന്റെ മക്കൾ! എന്റെ കീറിത്തുടങ്ങിയ ഒരു ഷർട്ടെടുത്ത് അമ്മ ഓരോന്നിനെയായി  തുടച്ചു വൃത്തിയാക്കി.

" ജോണിക്കുട്ടാ... കൈനീട്ട്.." എൻറെ ഉള്ളംകൈയിൽ ചിന്നുവിനെ മക്കൾ ഇക്കിളി കൂട്ടി. " ഈസ്റ്റർ മുട്ടയ്ക്കുള്ളിലെ  ഈ സമ്മാനം ഇഷ്ടായോ..?"  അമ്മയുടെ ചോദ്യത്തിന് കുഞ്ഞിച്ചിന്നുവിന്റെ കുഞ്ഞിക്കൊക്കിലേക്ക് ഞാൻ ചുണ്ടു ചേർത്തു....ഉമ്മ..... 


കൂട്ടുകാരേ...നിങ്ങൾക്ക് ഈ കഥ ഇവിടെ കേൾക്കാം...👇183 views