കലാമും,കണക്ക് ഹോം വർക്കും.

​കൂട്ടുകാരേ...ഹോം വർക്ക് ചെയ്യാതെ സ്‌കൂളിൽ പോയിട്ടുണ്ടോ നിങ്ങൾ...? ദാ ഇവിടെ എന്റെ കൂട്ടുകാരൻ കലാം കണക്ക് ഹോം വർക്ക് ചെയ്യാഞ്ഞത് എന്തുകൊണ്ടാണെന്ന് അറിയേണ്ടേ.....ഇന്ന് കലാമിന്റെ കഥയാവാം നമുക്ക്.. "മിസൈൽമാന്റെ പേരും, ശുപ്പാണ്ടിടെ ബുദ്ധീം!!" കൃഷ്ണൻ സാറിൻറെ അലർച്ച കേട്ട് എന്നത്തെയും പോലെ ക്ലാസിൽ കൂട്ടച്ചിരി മുഴങ്ങി. കണക്ക് ചെയ്യുന്നതും, കഷായം കുടിക്കുന്നതും ഒരുപോലെയാണ് കലാമിന്. ബുദ്ധിമാനാവാൻ ഉമ്മ വാങ്ങിയ കഷായം കക്കൂസിൽ കമിഴ്ത്തി ഉമ്മയെ പറ്റിക്കാം ,പക്ഷേ ഹോംവർക്കിന്റെ കാര്യത്തിൽ കൃഷ്ണൻ സാറിനെ പറ്റിക്കാനുള്ള വിദ്യയൊന്നും കലാമിന് വശമില്ല. ഇന്നലെ കളി കഴിഞ്ഞ് വന്നപ്പഴേ ഹോം വർക്ക് ചെയ്യാൻ ഇരുന്നതാണ്, ഉമ്മ ഉണ്ടാക്കിയ ശ്ശീ പാപ്പം പോലും തിന്നാതെ! ചെറിയുള്ളീം, കറിവേപ്പിലേം വെളിച്ചെണ്ണയിൽ മൊരിച്ച് അതിലേക്ക് അരിമാവ് ശ്ശീ ന്നങ്ങ് ഒഴിക്കുമ്പോഴുള്ള ഒരു മണം ഉണ്ടല്ലോ.....വായിൽ കപ്പലോടിക്കാം. എന്നിട്ടും കലാം അടുക്കളയിലേക്ക് പോകാതെ കണക്കു ബുക്ക് എടുത്തതാണ്, അഭ്യാസം ചെയ്യാൻ. അപ്പോഴാണ് ഇത്താത്തയുടെ മേശ വൃത്തിയാക്കൽ. പഴയ കുറെ മാസികകൾ ഇത്താത്ത വലിച്ചുവാരി പുറത്തേക്കിട്ടു. കലാമിന് ചാകരയായിരുന്നു പിന്നെ. ബാലരമയും, പൂമ്പാറ്റയും, യുറീക്കയുമൊക്കെ എടുത്തിട്ടും, എടുത്തിട്ടും തീരാതെ പെരുകി. എല്ലാമെടുത്ത് അവൻറെ ഷെൽഫിൽ അടക്കി വെക്കുമ്പോഴാണ് തട്ടിത്തടഞ്ഞ് ആ യുറീക്ക താഴെ വീണത്. എടുത്തുവയ്ക്കാനായി അതെടുത്തപ്പോൾ വിരലുടക്കിയ പേജിൽ ഒരു ചിത്രം....! പേപ്പർ കൊണ്ടുണ്ടാക്കിയ കൊറ്റികളെ കയ്യിലെടുത്ത് ഒരു കൊച്ചു പെൺകുട്ടി. "ആയിരം കൊറ്റികളെ സ്വപ്നം കണ്ട പെൺകുട്ടി"- അവൻ കഥയുടെ പേര് വായിച്ചു. സഡാക്കോ സസാക്കിയുടെ കഥ., ഹിരോഷിമയിൽ ആറ്റംബോംബിന്റെ തീരാവേദനകളിൽ ഒന്ന്. രണ്ടാം ലോകമഹായുദ്ധത്തെക്കുറിച്ച് കലാം സാമൂഹ്യപാഠം പുസ്തകത്തിൽ വായിച്ചിട്ടുണ്ട്.. ആയിരം കൊറ്റികളെ പൂർത്തിയാക്കാതെ മരിച്ച സഡാക്കോയെ വായിക്കുമ്പോൾ അവന്റെ കണ്ണു നിറഞ്ഞു. അടുത്ത പേജിൽ നമ്പറിട്ട് ചിത്രസഹിതം കൊടുത്തിരിക്കുന്നു,, പേപ്പർ കൊണ്ട് കൊറ്റിയെ ഉണ്ടാക്കുന്ന വിധം. കലാം ഓടിപ്പോയി ടീപ്പോയിയുടെ താഴത്തെ തട്ടിൽ ഉമ്മ വെച്ചിട്ടുള്ള പഴയ ന്യൂസ് പേപ്പറിൽ ഒന്ന് വലിച്ചെടുത്തു. എന്നിട്ട് യൂറിക്ക നിവർത്തിവെച്ച് അത് നോക്കി സഡാക്കോ ഉണ്ടാക്കിയ പോലെ കൊറ്റിയെ ഉണ്ടാക്കാൻ തുടങ്ങി. ഒരു സ്കെയിലും വെച്ചളക്കാതെ അവൻ ന്യൂസ് പേപ്പറുകൾ മടക്കി ,കീറി,നിവർത്തുമ്പോൾ കൊറ്റികളായി. അവൻ അടുത്ത പേജ് മറിച്ചു.അതിൽ അവൻ കണ്ടു, പൂച്ച ,എലി ,മുയൽ അങ്ങിനെ പേപ്പർ കൊണ്ട് പല രൂപങ്ങൾ.....ഒറിഗാമി എന്നാണത്രേ ഇതിൻറെ പേര്.! കലാം വീണ്ടും, വീണ്ടും ടീപ്പോയിയുടെ അടിത്തട്ടിൽനിന്ന് പേപ്പറുകൾ വലിച്ചെടുത്തു. കൃഷ്ണൻ സാറിൻറെ ക്ലാസിൽ എത്ര തവണ അളന്നു വരച്ചാലും കൂട്ടിമുട്ടാത്ത ത്രികോണങ്ങളും, ദീർഘ ചതുരങ്ങളും, പഞ്ചഭുജങ്ങളും ഒക്കെ ചിറകടിച്ച്, വാലിളക്കി പെർഫെക്ഷനോടെ കലാമിൻറെ കത്രികത്തുമ്പിൽ നിന്ന് ഊർന്നു വീണു. പൂച്ചയും, എലിയും, മുയലുമൊക്കെ നിമിഷനേരം കൊണ്ട് അവന്റെ ചുറ്റും നിരന്നു. "കലൂ.. നീ ഹോം വർക്ക് ചെയ്തോ?" ഉമ്മയാണ്. "ചെയ്യണുമ്മാ.".. മുയലിന്റെ ചെവിയൊന്ന് ശരിയാക്കി കലാം പറഞ്ഞു. യുറീക്ക ഷെൽഫിലേക്ക് എടുത്തുവെച്ച് അവൻ നിലത്തങ്ങ് മലർന്നു കിടന്നു. "മ്യാവൂ... മ്യാവൂ... എനിക്കൊരു മണി വേണം". പെട്ടെന്ന് പൂച്ചക്കുട്ടി പറഞ്ഞു. " ഏ... നിനക്ക് മിണ്ടാൻ പറ്റുമോ ..?" കലാമിന് അത്ഭുതമായി. " ഞങ്ങളെ ഉണ്ടാക്കുന്നവരോട് ഞങ്ങൾക്ക് മിണ്ടാൻ പറ്റും.. അത് നിനക്കറിയില്ലേ ..?". എലിക്കുഞ്ഞൻ ചാടിപ്പറഞ്ഞു. " ആ... പിന്നേയ്... എനിക്കൊരു തൊപ്പി കൂടി വേണം" പറഞ്ഞു കൊണ്ടവൻ ഞെളിഞ്ഞുനിന്നു. കലാം ചാടിയെണീറ്റ്,നിലത്ത് മുറിച്ചിട്ട ചെറിയ പേപ്പർ കഷ്ണങ്ങളെടുത്ത് ഒരു മണിയുണ്ടാക്കി, ഉമ്മേടെ തയ്യൽപ്പെട്ടിയിലെ നൂലെടുത്ത് മണി അതിൽ തൂക്കി,പൂച്ചക്കുട്ടിയുടെ കഴുത്തിൽ കെട്ടി. അവൾ അത് കിണുക്കി നടന്നു. ഒരു പേപ്പർത്തുമ്പെടുത്ത് മടക്കി കുട്ടിത്തൊപ്പിയുണ്ടാക്കി എലിക്കുഞ്ഞന് കൊടുത്തു. അവനത് തലയിൽ വെച്ച് ഗമയിൽ ഒന്നു നോക്കി. കൃഷ്ണൻ സാറിനും ഇവന്റെതു പോലെ നീണ്ട മീശയാണ്. പക്ഷേ അത് കണ്ടാൽ പേടിയാകും. ദേഷ്യം വന്നാൽ സാറിൻറെ മീശ വിറയ്ക്കും., കണ്ണുകൾ ചുവക്കും. കഴിഞ്ഞാഴ്ച ടി വിയിൽ കണ്ട കാക്കോത്തിക്കാവിലെ അപ്പൂപ്പന്താടികളിലെ പിള്ളേരു പിടുത്തക്കാരന്റെ ഛായയാണ് അപ്പോൾ. ക്ലാസ്സിലേക്ക് സാറ് കയറുന്നത് തന്നെ ഹോം വർക്ക് ചെയ്യാത്തവർ എഴുന്നേറ്റു നിൽക്കാൻ പറഞ്ഞുകൊണ്ടാണ്. സാറയും,ജോസഫും എഴുന്നേൽക്കാനുണ്ടെങ്കിൽ അന്നത്തെ ദിവസം എല്ലാരും രക്ഷപ്പെടും,. നാളെ ചെയ്തിട്ട് വാ എന്നു പറഞ്ഞങ്ങു എല്ലാരേം ഇരുത്തും..കലാം ആയത്ത് ചൊല്ലുമ്പോൾ എന്നും പ്രാർത്ഥിക്കും, സാറയ്ക്കും, ജോസഫിനും ഹോംവർക്ക് ചെയ്യാൻ തോന്നല്ലേ എന്ന്. അവൻ കണക്ക് ബുക്ക് എടുത്ത് അഭ്യാസം- പതിനൊന്ന് എന്നെഴുതി അടിയിൽ വരച്ചു. അപ്പോഴാണ് ഒരു തേങ്ങൽ.... "കഴുത്തിൽ ഒരു റിബൺ ഇല്ലാതെ എന്നെ കാണാൻ ഒരു രസവുമില്ല... ങ്ങീ.... ങ്ങീ..." കൊറ്റിപ്പെണ്ണാണ്, അവളുടെ വിഷമം കണ്ടു നിൽക്കുന്നതെങ്ങിനെ! കലാം നല്ല പടമുള്ള പേപ്പറുകളിൽ ഒന്ന് തിരഞ്ഞെടുത്തു."ദാ പിടിച്ചോ .." എന്നും പറഞ്ഞ് ഒരുഗ്രൻ റിബണുണ്ടാക്കി കൊറ്റിപ്പെണ്ണിന്റെ കഴുത്തിൽ കെട്ടി. അവൾ തുള്ളിച്ചാടി. "എല്ലാവർക്കും സമ്മാനം ഉണ്ടാക്കിയില്ലേ ...എന്നാ എനിക്കും വേണം ഒരു ക്യാരറ്റ്..!". മുയലച്ചനാണ്. ഉണ്ടാക്കി കൊടുത്തില്ലെങ്കിൽ പക്ഷഭേദം ആണെന്ന് മുയലച്ചന് തോന്നിയാലോ.. കലാം ഓർത്തു. കൃഷ്ണൻ സാറ് സാറയോടും, ജോസഫിനോടും, അമ്പാടിയോടുമൊക്കെ പക്ഷഭേദം കാട്ടുമ്പോൾ നെഞ്ചു പൊട്ടും പോലെ തോന്നാറുണ്ട് കലാമിന്. എല്ലാവരുടെയും കയ്യിൽ നിന്ന് നോട്ട്ബുക്ക് വാങ്ങി സ്റ്റാഫ് റൂമിൽ കൊണ്ടു വയ്ക്കാൻ കലാമിന് വലിയ ആശയാണ്. പക്ഷേ സാറ് ജോസഫിനെയും അമ്പാടിയേം അല്ലാതെ വേറെ ആരെയും അതിനു വിളിക്കില്ല. ഇന്നാള് ഒരു ദിവസം ഇരുന്ന ബെഞ്ചിലെ കുട്ടികളുടെ നോട്ട് ബുക്ക് വാങ്ങിയപ്പോ സാറ് പറയാ " ആദ്യം ഹോംവർക്ക് ഒക്കെ കൃത്യമായി ചെയ്തിട്ട് വാ എന്നിട്ട് വല്യ ആളാവാം" എന്ന്. കലാമിന് ശരിക്കും സങ്കടം വന്നു. ഇല്ല,മുയലച്ചനെ അതുപോലെ വിഷമിപ്പിക്കില്ല. കലാം ക്യാരറ്റുണ്ടാക്കാൻ തുടങ്ങി. മുയലച്ചൻ കാത്തിരുന്നു. കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ട് ക്യാരറ്റുണ്ടാക്കി മുയലച്ചന് കൊടുത്തു. തുമ്പത്ത് ഒരു കടി കടിച്ച് മുയലച്ചൻ കണ്ണിറുക്കി. " ഇനി പോയി ഹോം വർക്ക് ചെയ്യെട്ടെ.." അവൻ മനസ്സില്ലാമനസ്സോടെ എഴുന്നേറ്റു "അമ്പ... ഞങ്ങളുടെ കൂടെ കളിക്കാതെ പോവുന്നോ.. ഞങ്ങൾക്ക് വേറെ ആരാ ഉള്ളത്?!" എല്ലാവരും ഒറ്റ സ്വരത്തിൽ പറയാൻ തുടങ്ങി. പൂച്ചക്കുട്ടി കലാമിൻറെ നിക്കറിൽ ചാടിക്കടിച്ചു. അവളുടെ കഴുത്തിലെ മണി കിണി..കിണി... എന്ന് കിലുങ്ങാൻ തുടങ്ങി. എലിക്കുഞ്ഞൻ അവന്റെ ഷർട്ടിന്റെ പോക്കറ്റിൽ ഓടിയൊളിച്ചു. അവൻറെ തൊപ്പിത്തുമ്പ് പുറത്തേക്ക് എത്തി നോക്കി. കൊറ്റിപ്പെണ്ണ് അവൻറെ തലയ്ക്കുമുകളിൽ ചിറകടിച്ചു. കാറ്റത്ത് അവളുടെ റിബൺ അങ്ങനെ ഇളകിയാടി. മുയലച്ചൻ കലാമിന്റെ കാലിനിടയിൽ പതുങ്ങിയിരുന്ന് ക്യാരറ്റ് തിന്നാൻ തുടങ്ങി. ഓടിയും, ചാടിയും, ഒളിച്ചും, പറന്നും കലാമിന് അങ്ങനെ ആ