കുഞ്ഞിക്കുയിലിന്റെ തിരിച്ചറിവ്

" കുഞ്ഞിക്കുയിലിന് കലി വന്നു. ഒരേ മരത്തിൽ...ഒരേ കൊമ്പുകളിൽ ...ഇരുന്നു പാടണം ! ഇതെത്ര നാൾ !!


അവൾ തുടുത്ത മാമ്പഴങ്ങൾ തൂങ്ങിക്കിടക്കുന്ന ആ വലിയ ചില്ലയിലേക്ക് പറന്നു. കുഞ്ഞനണ്ണാൻ പാതി കടിച്ച ഒരു മാമ്പഴം അവളുടെ ചിറകനക്കത്തിൽ താഴേക്കു വീണു.


തലയൊന്ന് വെട്ടിച്ച് നോക്കി.അതാ, കരിയിലക്കൂട്ടത്തിനിടയിൽ നിന്ന് മാമ്പഴക്കുലുക്കത്തിൽ തല നീട്ടുന്നു ചെമ്പൻ പാമ്പ്.അവൾക്കവനെ ഇഷ്ടമേയല്ല. അതൊനൊരു കാരണമുണ്ട്.


കുഞ്ഞിയുടെ അടുത്ത കൂട്ടുകാരനാണ് മാക്കൻ തവള. അവന്റെ അനക്കം കേട്ടാൽ മതി, ചെമ്പൻ വായും പിളർന്ന് ഓടിയെത്തും. മാക്കാനോടൊപ്പം സ്വസ്ഥമായൊന്നു കളിച്ചിട്ട് കാലമെത്രയായി. ചെമ്പനെ പേടിച്ച് അവൻ കളിക്കാൻ വരാറേയില്ല.


"അമ്മയുടെ കണ്ണ് വെട്ടിച്ച് കുളക്കരയിലേക്കൊന്നു പറന്നാലോ" കുഞ്ഞി ആലോചിച്ചു.


"കുഞ്ഞീ.... പുറത്തിറങ്ങരുത്. കൊറോണയങ്ങിനെ കറങ്ങി നടപ്പുണ്ട്. അവന്റെ കാലം കഴിഞ്ഞേ വീടിനു പുറത്തിറങ്ങാവൂ." അമ്മ നാഴികയ്ക്കു നാല്പതുവട്ടം പറയും.


ഈ ചക്കരമാവിൽ നിന്ന് അപ്പുറത്തെ മുണ്ടിപ്ലാവിലെക്കൊന്നു പറക്കാൻ പോലും സമ്മതിക്കില്ല.


മടുത്തിരിക്കുന്നു......
" കുഞ്ഞീ.... ആ പൂങ്കുലച്ചില്ലയുടെ തുമ്പത്തിരുന്ന് ഒന്നു പാടി നോക്കൂ, നിന്റെ പാട്ടിന് മാമ്പൂവിന്റെ മണമുണ്ടാകും".


"എനിക്ക് മാമ്പൂ മണം വേണ്ട " കുഞ്ഞി പിടിവാശിയിലാണ്.


" എങ്കിൽ... ആ വമ്പൻ ചില്ലയിൽ ഇരുന്നൊന്നു പാടൂ. അതിന്റെ പൊത്തിൽ നീലി മരംകൊത്തിയുണ്ട്. അവൾ നിന്റെ പാട്ടിന് താളമിടും."


" ഹും..... എന്റെ പാട്ടിന് താളവും വേണ്ട."കുഞ്ഞി തൊണ്ട പൊട്ടുമാറ് കൂകി.


"കൂ.....കൂ...കൂ...." അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.


"കുഞ്ഞീ.. ഈ കാലവും കടന്നു പോകും. കാടായ കാടു മുഴുവൻ പാറിപ്പറക്കാൻ ഒരു നാളു വരും." അച്ഛൻ അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.