കുട്ടായിയുടെ കുട്ടൻചാട്ടം

കറു കറുമ്പൻ കുട്ടനാടേ

കുറു കുറുമ്പൻ മുട്ടനാടേ

കുലു കുലുങ്ങനെ വായോ

കൂട്ടൊന്നു കൂടാൻ വായോ..

കുട്ടായിയ്ക്ക് കുട്ടനെന്നു വെച്ചാൽ ജീവനാണ്. ഊണിലും ഉറക്കത്തിലും അവൾ കുട്ടനെ ഓർത്തോർത്തിരിക്കും. കറുത്ത് മിന്നുന്ന രോമങ്ങൾ, തിളങ്ങുന്ന കണ്ണുകൾ, പതുപതുത്ത , നന നനഞ്ഞ മൂക്ക്... കുട്ടൻ അസ്സലൊരു മുട്ടനാണ്.

അവന്റെ കൂർത്തു വളഞ്ഞ കൊമ്പു കൊണ്ട് ഒരു ഉരസലുണ്ട്.. അപ്പോൾ കുട്ടായിയുടെ മേലാകെ പൂത്തു തരിക്കും. തിരിച്ച് കുട്ടായി കുട്ടന്റെ നെറുകയിൽ കാക്കിരിപീക്കിരിയെന്ന് ചൊറിഞ്ഞു കൊടുക്കും. പിന്നെ രണ്ടാളും കൂടി ഒറ്റയോട്ടമാണ്. കൽത്തൊട്ടിയ്ക്ക് അടുത്ത് നിൽക്കുന്ന വടുകപ്പുളിയനിൽ തൊടുന്നയാൾക്ക് ഒരു ഐനിച്ചക്ക സമ്മാനം.. അതാണ് പതിവ്. എല്ലാ വേനലവധിയിലും കുട്ടനും കുട്ടായിയും എന്നമ്മവീട്ടിൽ അങ്ങിനെ മത്സരിച്ച് ഐനിച്ചക്ക തിന്നു നടക്കും .

എന്നമ്മവീട്ടിൽ നിറയെ പശുക്കളുമുണ്ട്. നെറ്റിയിൽ കറുത്ത പൊട്ടുള്ള അമ്മിണിപ്പശു ഒരു ദിവസം കുട്ടായിയുടെ നേരെ നോക്കി ഒരുഗ്രൻ ചിരി. കുട്ടായിയുണ്ടോ കണ്ടതായി വെയ്ക്കുന്നു! അപ്പോൾ കുട്ടായി ഇറയത്തിരുന്ന് വറുത്ത ഐനിച്ചക്കക്കുരുവിന്റെ തൊലി കളയുകയായിരുന്നു. അമ്മിണി പക്ഷേ വിടാനുള്ള ഭാവമില്ല. അവൾ വീശി വീശി വാലുമാട്ടി കുട്ടായിയുടെ അടുത്തെത്തി. എന്നിട്ടു കുട്ടായിയുടെ കുട്ടിക്കാലിന്റെ കുട്ടിവിരലിൽ ഒറ്റ നക്ക്.. രണ്ടു നക്ക്... മൂന്നു നക്ക്. കുട്ടായിയ്ക്ക് ഇക്കിളി കൂടി. ഒരു കുട്ടി ഐനിച്ചക്കയെടുത്ത് അവൾ അമ്മിണിയ്ക്കു നേരെ നീട്ടി. നീണ്ട നാക്കിൽ വളച്ചെടുത്ത് അമ്മിണിയത് വായിലാക്കി, ഗ്ളും എന്ന് ഒറ്റ വിഴുങ്ങൽ. എന്നിട്ട് കുട്ടായിയുടെ അടുത്ത് കുട്ടയിലിരിക്കുന്ന ഐനിച്ചക്കക്കൂട്ടത്തിലേക്ക് എത്തി നോക്കി. അമ്പാ... ഇനിയും കിട്ടുമോ എന്ന നോട്ടമാണ്. സർപ്പക്കാവിന്റെ പിറകിലെ ഐനിപ്ലാവിന്റെ തുമ്പത്തു കയറിയാൽ ആകാശം തൊടാം. ഒരില്ലിക്കമ്പിന്റെ അറ്റത്ത് വാഴനാര് കൊണ്ട് കുഞ്ഞിക്കമ്പു കെട്ടി എന്നമ്മ ആകാശം മുട്ടുന്ന ഒരു തോട്ടിയുണ്ടാക്കി. അതിന്റെ കൊളുത്തിൽ ഐനിച്ചക്ക ഉടക്കി വലിക്കുന്ന ജോലി കുഞ്ഞാമനാണ്, മേൽനോട്ടം വല്ല്യാമനും. അങ്ങിനെ പറിച്ചിടുന്ന ഐനിച്ചക്കയ്ക്ക് പിറകെ വയ്ക്കോൽ നിറച്ച ചൂരക്കൊട്ടയുമായി നെട്ടോട്ടമോടി എണ്ണിപ്പിടിച്ചതാണ്. തുടു തുടാ എന്നിരിക്കുന്ന മൂന്നു നാല് ഐനിച്ചക്കകൾ ഉന്നം തെറ്റി താഴെ വീണു ബ്ലൂം എന്നാവുകയും ചെയ്തു. അങ്ങിനെയൊക്കെയാണെങ്കിലും അമ്മിണിയുടെ കണ്ണിലെ കൊതി കണ്ടപ്പോൾ കുട്ടായി നന്നായി പഴുത്ത ഒന്ന് കൂടി കയ്യിലെടുത്തു. അപ്പോഴുണ്ട് കുലുങ്ങി മറിഞ്ഞ്, ചാടിത്തുള്ളി കുട്ടന്റെ വരവ്. മുഖം കണ്ടാലറിയാം അമ്മിണി കുട്ടായിയോട് കൂട്ടു കൂടുന്നത് അവനു ലവലേശം പിടിച്ചിട്ടില്ല. അമ്മിണിയുടെ അടുത്തെത്തിയതും കൊമ്പു കുലുക്കി ഒരിളക്കം. പാവം അമ്മിണി.. പേടിച്ച് രണ്ടടി പിറകോട്ടു മാറി. കുട്ടായി ഐനിച്ചക്കയെടുത്ത് കുട്ടനു നേരേ നീട്ടി. കുണുങ്ങിക്കിണുങ്ങി അവൻ ഒറ്റയോട്ടം. കുട്ടായി എഴുന്നേറ്റ് പിറകെ ഓടി. നാല് ചാട്ടം കൊണ്ട് കരോട്ടെ പറമ്പ് കടന്ന് അവൻ തെങ്ങിൻ തോപ്പിലെത്തി.

കുട്ടന്റെ ചാട്ടം പോലെ ഒന്ന് ചാടിയാലോ.. കുട്ടായി ഓടിയോടി, ആഞ്ഞാഞ്ഞു ഒറ്റച്ചാട്ടം . " അമ്മേ... അയ്യോ..." കുട്ടൻ ശ്ശഡേ .. എന്ന് നിന്നു. കുട്ടായി കിടന്നിടത്ത് കിടന്നു നിലവിളിക്കുകയാണ്. കുട്ടൻ ശരവേഗത്തിൽ ചാടിയോടി. എന്നമ്മ അപ്പോൾ അമ്മിണിയ്ക്ക് പരുത്തിക്കുരു അരച്ചത് കൊടുക്കുകയായിരുന്നു. അവൻ എന്നമ്മയുടെ മുണ്ട് ചവച്ചു വലിച്ചു. കുട്ടായി കിടക്കുന്നിടത്തേക്ക് കണ്ണു ചൂണ്ടി. എന്നമ്മ ഓടി, കൂടെ മാമൻമാരും. കുട്ടിവിരലിൽ ഒരു ഈർക്കിൽ തുളഞ്ഞു കയറിയിരിക്കുകയാണ്. എടുത്ത് വണ്ടിയിലിട്ട് നിമിഷ നേരം കൊണ്ട് ആശുപത്രിയിലെത്തി.

"പെണ്ണിന് നിലത്തു നോക്കി നടന്നാൽ പോരേ.. "! കണ്ണടയ്ക്കിടയിലൂടെ ഡോക്ടർ പറഞ്ഞു. മുന്നിലോട്ടു തൂവിക്കിടക്കുന്ന നീണ്ട വെളുത്ത മുടി ഇടയ്ക്കിടെ പിറകോട്ടാക്കി അയാൾ വിരലിൽ നിന്ന് ഈർക്കിൽ കഷ്ണം തുരന്നെടുത്തു. എന്നിട്ട് വിരലാകെ വരിഞ്ഞു കെട്ടി. കുട്ടായിയുടെ കയ്യിൽ ഒരുഗ്രൻ കുത്തും കുത്തി. ഞൊണ്ടി ഞൊണ്ടി വീട്ടിൽ എത്തിയതും കുട്ടൻ ഓടിയെത്തി, കടിച്ചു പിടിച്ചൊരു ഐനിച്ചക്ക കുട്ടായിയ്ക്കു നേരെ നീട്ടി. കുട്ടായി അവന്റെ നെറുകയിൽ ചന്നം പിന്നം ചൊറിഞ്ഞു. പകരം കുട്ടിവിരലിലെ കെട്ടിൽ ഊതിയൂതി അവൻ കുട്ടൻചാട്ടത്തിന്റെ സൂത്രം ചൊല്ലിക്കൊടുത്തു. കുട്ടായി കിലുകിലാ ചിരിക്കാൻ തുടങ്ങി....