പ്ലാമ്മയും, പാറുക്കുട്ടിയും, പിന്നെ വിഷുവും.

കൂട്ടുകാരെ... എല്ലാവരും കണികാണാൻ റെഡിയായോ? കൊറോണയുടെ ഈ ദുരിതങ്ങളിൽ നിന്ന് കര കയറാൻ നല്ല ഒരു നാളെയുടെ പ്രതീക്ഷ നമ്മളെ സഹായിക്കും. നല്ല കാഴ്ചകളും, അനുഭവങ്ങളുമായി നല്ലൊരു കാലം എല്ലാവർക്കും ആശംസിക്കുന്നു. നമുക്കൊരുമിച്ച് ഈ ദുരിതകാലത്തെ അതിജീവിക്കാം.. എല്ലാവർക്കും അമ്മുവിൻറെ വിഷു ആശംസകൾ... 

ആശംസ മാത്രമല്ല ട്ടോ.... പാറുക്കുട്ടിയുടെ കഥയുമുണ്ട്.....

ഉണ്ടപ്ലാമ്മ നെറുകയിലെ ചില്ല ഉയർത്തി ഏന്തിവലിഞ്ഞ് നോക്കി. അവളുടെ ചക്ക കുട്ടന്മാർ ഒന്നാഞ്ഞു. കാന്താരിക്കാക്കമ്മ പകുതി തിന്ന, മുള്ളു വിടർന്ന ഒന്ന് ഞെട്ടറ്റ് താഴേക്ക് ചിതറി.കുറുമ്പനണ്ണാൻ ഊർന്നിറങ്ങി ഒരു ചക്കച്ചുളയെടുത്ത് തൊട്ടടുത്ത മാവിലേക്ക് ഓടിക്കയറി.  ഉണ്ടപ്ലാമ്മ ഇടങ്കണ്ണിട്ട് നോക്കി. അവൻ ആ ചക്കച്ചുളയങ്ങനെ ഊരി വലിച്ച് ചപ്പി തിന്നുകയാണ്.  പാറുക്കുട്ടിക്കും ഇഷ്ടം കൂഴച്ചക്കയാണ്. മൂന്നു വിരൽ കൊണ്ട് ചക്കമടലിൽ നിന്ന് പറിച്ചെടുത്ത്  വായിലേക്കിട്ട് കണ്ണടച്ചങ്ങിറക്കും. എന്നിട്ട് കുരു ഒറ്റത്തുപ്പാണ്. അടുക്കള വരാന്തയിലിരുന്ന് അവളങ്ങനെ ചക്കപ്പഴം തിന്നുന്നത് കാണുമ്പോ കായ്ക്കാൻ ഒരുകൊല്ലം കാത്തിരുന്നത് വെറുതെയായില്ല എന്ന് തോന്നും. ഉണ്ടപ്ലാമ്മ എന്നാദ്യം പേര് വിളിച്ച് കടയ്ക്കൽ വന്നു നിന്നെന്നെ കെട്ടിപ്പിടിച്ചതും അവളാണ്. പ്ലാവിന് സാധാരണ മനുഷ്യർ പേര് ഇടാറുണ്ടോ? വരിക്ക കൂഴ എന്നൊക്കെയേ കേട്ടിട്ടുള്ളൂ.. എന്നാൽ പാറുക്കുട്ടി അങ്ങനെയല്ല, ഞങ്ങൾ എല്ലാ മരങ്ങളേയും പേര് വിളിക്കും.... എൻറെ കൂഴച്ചക്കക്കുട്ടൻമാർ ഉരുണ്ടുരുണ്ട് ഉണ്ടക്കുട്ടന്മാരാണെന്നാണ് അവൾ പറയാറ്. അവരുടെ അമ്മയായ ഞാൻ ഉണ്ടപ്ലാമ്മയായി. അതാണ് അവളുടെ ന്യായം. 


ദാ, ഇടതു വശത്ത്  ഇടയ്ക്കെന്നെ തോണ്ടി വിളിക്കുന്ന പേര കണ്ടോ.. ഉള്ള്  നല്ല പൂവൻപഴം പോലുള്ള തുടുതുടുപ്പനാ.... പക്ഷേ പാറുക്കുട്ടി ഇവളെ വിളിക്കുന്നത് എന്താണെന്നോ ... ചോരപ്പേര. !  കാരണമാണ് രസം.. ഈ പേരയുടെ കമ്പൊടിച്ചാണത്രേ പാറുക്കുട്ടിയുടെ ചട്ടമ്പിത്തരങ്ങൾക്ക് അച്ഛൻ തല്ലാറുള്ളത്. തുടയിൽ ചോരപ്പാട് വീഴുന്നതു കൊണ്ട് ഇവൾ ചോരപ്പേരയായി.  കുളത്തിലേക്ക് ചാഞ്ഞു നിൽക്കുന്ന ആഞ്ഞിലി അവൾക്ക് മീനാഞ്ഞിലിയാണ്, കുളത്തിലെ മീനുകൾക്ക് ആഞ്ഞിലിച്ചക്ക പൊഴിച്ചിടുന്നതുകൊണ്ടാണ് ആ പേര് വീണത്. അതിൽ അവൾക്ക് ലേശം പരിഭവവുമുണ്ട്. പൂമഴ പെയ്യിച്ചു കൊണ്ട് മുന്നിൽനിൽക്കുന്ന ആ ഇലഞ്ഞിയില്ലേ.. അതിന്റെ ചോട്ടിലാണ് പാറുക്കുട്ടി ആദ്യമായി പാണ്ടൻ പാമ്പിനെ കണ്ടത്, അതോടെ അത് പാമ്പിലഞ്ഞിയായി. ഇലഞ്ഞിയെ തൊട്ടുനിൽക്കുന്ന ചക്കരമാവ് അണ്ണാറമാവായത് കുറുമ്പനണ്ണാനും, കുടുംബവും അതിനുമുകളിൽ കൂടു കൂട്ടിയതുകൊണ്ടാണ്. മാമ്പഴം പറിക്കാൻ മാവിൽ കയറുമ്പോഴാണ് ഒരിക്കൽ തേക്കിൻ ചില്ലയിലെ തേനീച്ചകൂട് കണ്ടത്.. അന്നുമുൽ ആ ഭീമൻ തേക്ക് തേനീച്ചത്തേക്കായി. തേക്കിനപ്പുറം നിൽക്കുന്ന കാരമരത്തിൽ നിറയെ തത്തകളാണ്, കാരയ്ക്ക കൊത്താൻ എത്തുന്നവ. അതവൾക്ക് തത്തക്കാരയാണ്.  നേരം വെളുത്താൽ അന്തിയാവോളം പാറുക്കുട്ടി ഇവിടെ ചുറ്റിപ്പറ്റി കാണും.  കലപില പറഞ്ഞ്, കളിച്ച് ചിരിച്ച് പെണ്ണിവിടെ പൂത്തു വിടരും.  പറമ്പിൽ എല്ലാരോടും വല്യ അടുപ്പമാണെങ്കിലും അവൾ  ആ രഹസ്യം ആദ്യം പറഞ്ഞത് എന്നോടാണ്. അത് കേട്ട് ഞാനന്ന് ഞെട്ടിയ ഞെട്ടലിലാണ് വലത്തേ ചുള്ളിക്കമ്പ് ഒടിഞ്ഞു വീണത്.  പറമ്പിന്റെ തെക്കേ മൂലയിലുള്ള സർപ്പക്കാട്ടിലെ പനയിൽ പാറുക്കുട്ടി ആളനക്കം കേട്ടത്രേ. അതും സന്ധ്യാ നേരത്ത്..!! ഞാവൽപ്പഴം പറക്കാൻ ആ  വഴി ചെന്നതാണവൾ. മഞ്ഞ വിതറി പനമ്പൂ  വിരിഞ്ഞത് നോക്കി നിൽക്കുമ്പോഴാണ് അവളാ ചിരി കേട്ടത്. പാദസരത്തിന്റെ കിലുക്കം പോലുളള ചിരിയാണെന്നാ അവൾ പറഞ്ഞത്. അവൾ പറഞ്ഞാൽ തെറ്റില്ല. എന്തായാലും അവളാ പനയ്‌ക്കൊരു പേരിട്ടു.. നസ്രിയപ്പന. അങ്ങിനെയൊരു സുന്ദരിയുണ്ടത്രേ. പാറുക്കുട്ടിയ്ക്ക് ഏറ്റവും ഇഷ്ടമുള്ള സിനിമാനടിയാണ്. നസ്രിയയെപ്പോലെ സുന്ദരിയായ ആരോ ഒരാൾ പനയിൽ ഉണ്ടെന്നാണ് അവൾ പറയുന്നത്. അതുകൊണ്ടാണ് ആ പന ഇക്കൊല്ലം പൂത്തതെന്ന്! പാറുക്കുട്ടി പറഞ്ഞാൽ അത് സത്യമാകും.  മുറ്റത്തെ കല്ലും തട്ടിത്തെറിപ്പിച്ച് ദാ പാറുക്കുട്ടി വരുന്നുണ്ട്. മുഖമാകെ വീർപ്പിച്ചു കെട്ടിയാണല്ലോ വരവ്!  " എന്തു പറ്റി പാറൂ..." ഇലയൊന്നിളക്കി ചോദിച്ചു. " ആരും വരണില്ല..വിഷുവിന്. കൊറോണയല്ലേ...." അവൾ തലയുയർത്താതെ പറഞ്ഞു. "വിഷുക്കൈനീട്ടവും കിട്ടില്ല..." അവളെന്റെ കടയ്ക്കൽ ചാരിയിരുന്നു. കുറുമ്പനണ്ണാൻ  ചപ്പിയിട്ട മാങ്ങയണ്ടികൾ  ചോട്ടിൽ കിടപ്പുണ്ട്, ചിതറിത്തെറിച്ച് ചക്കക്കുരുക്കളും. അവൾ ഓരോന്നായി പെറുക്കിയെടുത്ത് കൂട്ടി വച്ചു. രണ്ടു കൈകൊണ്ടും അവളെന്നെ ചുറ്റിപ്പിടിച്ചു. തായ്ത്തടിയിൽ ഒരു നനവ്... ഇലകളിളക്കി... കൊമ്പു കുലുക്കി... പഴുത്ത ഉണ്ടച്ചക്കകൾ ഓരോന്നായി താഴേക്കിട്ടു. മേൽച്ചില്ലകളാട്ടി ചുറ്റുമെല്ലാവരോടും കാര്യം പറഞ്ഞു.. അണ്ണാരമാവും, ചോരപ്പേരയും, മീനാഞ്ഞിലിയും, പാമ്പിലഞ്ഞിയും, തത്തക്കാരയുമൊക്കെ  ഒന്നാകെ ഇളകി...ചടുപടു..ചടുപടുവെന്ന് പഴങ്ങളും, പൂക്കളും ചാടാൻ തുടങ്ങി.  പാറുക്കുട്ടി തുള്ളിച്ചാടി. ഉരുണ്ടു പോയ ചക്കരമാമ്പഴത്തിനു പിറകെ കുറുമ്പനണ്ണാന്റെ  ഓട്ടം കണ്ട് അവൾ കുലുങ്ങിചിരിച്ചു.  കാന്താരിക്കാക്കമ്മ പേരയ്ക്ക കൊത്തി പറന്നു. അവളെ ഓടിപ്പിടിക്കാൻ പാറുക്കുട്ടി പറന്നുചാടി.  ഇലകളാട്ടി, ഇളം കാറ്റു വീശി ഞങ്ങളെല്ലാവരും അവൾക്കൊപ്പം കൂടി. "ഉണ്ടപ്ലാമ്മേ... ഈ വിത്തുകുട്ടന്മാരെ ഞാനിവിടെ നടട്ടെ....."


കളിയ്‌ക്കൊടുവിൽ  തത്തക്കാരയുടെ മേത്തു ചാരി വെച്ച കൈക്കോട്ടെടുത്ത് അവൾ ചാലുകീറി. കിളച്ചു മറിച്ചു. ഓരോ വിത്തും സൂക്ഷിച്ചെടുത്ത്  മണ്ണിട്ടു മൂടി. കുഞ്ഞിക്കൈ കൊണ്ട് വെള്ളം തളിച്ചു.  " എനിക്ക് തന്ന ഈ വിഷുകൈനീട്ടങ്ങൾക്കു പകരം ഒരു വിഷു സമ്മാനം .." പാറുക്കുട്ടി എന്റെ ചോട്ടീലങ്ങിനെ വിടർന്നുകിടന്നു. അപ്പോൾ  മാവിലക്കൂട്ടങ്ങൾക്കിടയിൽ നാണിച്ചിരുന്ന്  വിഷുപ്പക്ഷി മൂളൂണ്ടായിരുന്നു.....

”വിത്തും കൈക്കോട്ടും     വെക്കം കൈയേന്ത്......  “അച്ചൻകൊമ്പത്ത്“  “അമ്മവരമ്പത്ത്“  “ കള്ളൻചക്കേട്ടു“  “കണ്ടാൽ മിണ്ടണ്ട........"


നിങ്ങൾക്ക് ഈ കഥ ഇവിടെ കേൾക്കാം.. 👇
292 views