ടീനയുടെ കൂട്ടുകാർ

Updated: May 15, 2021

​ദാ.... ഇന്നെന്റെ കൂട്ടുകാരി ടീനയും കൂടെയുണ്ട്, അവളുടെ കഥ ഈ അമ്മുക്കുട്ടി പറയട്ടെ.... കേട്ടോളൂ...​


ടീനയുടെ കൂട്ടുകാർ ഒരാഴ്ചയായി, സ്‌കൂൾ തുറന്നിട്ട്. ഇതുവരെ ക്ലാസിൽ ഒരാൾ പോലും നേരെ നോക്കി മര്യാദയ്ക്ക് ഒന്ന് ചിരിച്ചിട്ട് ​കൂടിയില്ല. ടീനയ്ക്ക് രാവിലെ എഴുന്നേൽക്കാൻ തന്നെ തോന്നിയില്ല. പഴയ സ്കൂൾ എന്ത് രസമായിരുന്നു! നിറയെ കൂട്ടുകാർ....എപ്പോഴും കളികൾ! സ്കൂളിൽ പോകുന്നത് തന്നെ കൂട്ടുകൂടാനും കളിക്കാനുമല്ലേ. ​പഠിക്കാനാണെങ്കിൽ ....വീട്ടിലിരുന്ന് പഠിച്ചാൽ പോരെ. അവൾ ആലോചിച്ചു. " നല്ല രസമുണ്ടല്ലോ നിൻറെ ബോക്സ്..!" നിയയോട് കൂട്ടു കൂടാൻ വേണ്ടി പറഞ്ഞതാണ്, ശരിക്കും ടീനയ്ക്കാ പിങ്ക് നിറം ഇഷ്ടമല്ല, പ്രത്യേകിച്ച് പ്രിൻസസിന്റെ പടവും. ഓ.. ആ പെണ്ണിൻറെ ഗമ കാണണമായിരുന്നു. "എൻറെ എല്ലാ സാധനങ്ങളും എപ്പഴും രസമുള്ളതു തന്നെയാണ്." മുമ്പിൽ വെട്ടിയിട്ടിരിക്കുന്ന മുടി, സിനിമാനടിമാരെ പോലെ സ്റ്റൈൽ കാണിച്ച് ഒന്നിളക്കി അവൾ പറഞ്ഞു. "അതേയ്..പരിചയമില്ലാത്തവരോട് മിണ്ടുന്നതേ...എനിക്കിഷ്ടല്ല." കടുപ്പിച്ച് പറഞ്ഞിട്ട് കുലുങ്ങിക്കുലുങ്ങി അവൾ ഒറ്റനടത്തം. ടീനയ്ക്കാകെ വിഷമമായി. കിരണും, ഇസ്മയിലും തോളത്തു കയ്യിട്ടു നടന്നുവരുന്നുണ്ട്...ചാടിമറിഞ്ഞാണ് വരവ്. "നിങ്ങൾ കളിക്കാൻ പോവുകയാണോ?" കയ്യിലുണ്ടായിരുന്ന ഒരു ഓറിയോ ബിസ്കറ്റ് നീട്ടി ചോദിച്ചു. ഓറിയോ വാങ്ങി പകുതി പൊട്ടിച്ച് കിരണിനു കൊടുത്തുകൊണ്ട് ഇസ്മയിൽ പറഞ്ഞു.

"അതെ.... അതിന്??" "....ഞാനും കൂടട്ടെ...?" ചോദിച്ചു തീരും മുന്നേ രണ്ടാളും ഒറ്റ സ്വരത്തിൽ ഒറ്റപ്പറയൽ.. "ഞങ്ങളേ.....ഞങ്ങൾ പെൺപിള്ളേരുടെ കൂടെ കളിക്കാറില്ല." തോളത്തു കൂടി കയ്യിട്ടു ഇങ്ങനെ നടക്കാൻ എന്തു രസമാണ്! പഴയ സ്കൂളിൽ മണിക്കുട്ടിയും, ഞാനും, ജോസും , സാമും കൂടി അങ്ങനെയൊരു നടപ്പുണ്ട്. ചങ്ങല വെച്ച് കൂട്ടിക്കെട്ടിയ പോലെ പോലെ കെട്ടുകൂടി.... കൂട്ടുകൂടി.....


അവരെ ഒന്ന് കാണാൻ കൊതിയാവുന്നു. ഓർത്തതും ടീനയുടെ കണ്ണു നിറഞ്ഞു "ടീനാ ... സമയം വൈകി, വേഗം എഴുന്നേറ്റ് റെഡിയാക്" മമ്മി വിളിക്കുന്നുണ്ട്. പപ്പയ്ക്ക് കൊച്ചിയിലേക്ക് ട്രാൻസ്ഫർ എന്ന് കേട്ടപ്പോൾ ശരിക്കും സന്തോഷം തോന്നിയതാണ്. കൊച്ചിയിലെ സ്കൂളല്ലേ..... നിറയെ കൂട്ടുകാരെ കിട്ടും, എന്നോർത്തു. എന്നാലോ ഇവിടെ വന്നപ്പോ മരുന്നിനുപോലും ഒന്നിനെ കിട്ടാതായി!! സ്കൂളിലേക്ക് പോകാൻ ആടിത്തൂങ്ങി റെഡിയായി. ബാഗിലേക്ക് പുസ്തകമെടുത്ത് വെക്കുമ്പോഴാണ് കണ്ടത് വലിയ കള്ളിയുടെ സിബ്ബ് തുറക്കാൻ പറ്റുന്നില്ല. അവൾക്ക് ദേഷ്യം വന്നു. "രൂപ 600 കൊടുത്ത് വാങ്ങിയതല്ലേ..... തലേലും, താഴത്തും വെക്കാതെ നോക്കണതല്ലേ.... ഒറ്റയടി തന്നാലുണ്ടല്ലോ"!! അവൾ ബാഗിന്റെ വള്ളിയിൽ പിടിച്ച് ഒറ്റ വലി. സിബ്ബിന്റെ തുമ്പിൽ പിടിച്ച് ഒറ്റക്കിഴുക്ക്. "അമ്പമ്പട വീരാ..... തുറന്നല്ലോ!!" സിബ്ബ് ഇടഞ്ഞത് നിവർന്നു. "അപ്പൊ പേടിയുണ്ട് അല്ലേ കുട്ടാ".. അവൾ ബാഗിന്റെ പോക്കറ്റിൽ ഇക്കിളി കൂട്ടി. അപ്പോഴാണ് അടുത്ത മേളം തുടങ്ങുന്നത്. അറ്റത്ത്, മണമുള്ള മഞ്ഞ റബർ ഉറപ്പിച്ച ആ നീളൻ പെൻസിൽ കാണാനില്ല. മുല്ലപ്പൂവിന്റെ മണമാണ് അതിൻറെ റബർ ഉരയ്ക്കുമ്പോ. മേശപ്പുറം മുഴുവൻ വലിച്ചുവാരിയിട്ട് അവൾ പരതി. "ൻറെ ജാസൂ.... നീയീ നേരമില്ലാത്ത നേരത്ത് സാറ്റ് സീറ്റ് കളിക്കല്ലേ... ഒന്ന് പുറത്തേക്ക് വരുന്നുണ്ടോ.." മുന്നിലിരുന്ന പേപ്പറുകൾ തട്ടിയിട്ട് അവൾ വിളിച്ചു. "ജാസുവോ... അതാരാ?" മമ്മി അടുക്കളയിൽ നിന്ന് വിളിച്ചു ചോദിച്ചു. "എൻറെ ജാസ്മിൻ പെൻസിൽ കാണാനില്ല മമ്മി". ടീന കരച്ചിലിന്റെ വക്കോളമെത്തി. "അല്ലെങ്കിലും പെണ്ണിന് ഒരു സൂക്ഷ്മതയുമില്ല. ഒരു സാധനവും എടുത്താ എടുത്ത സ്ഥലത്ത് വയ്ക്കില്ല". മമ്മി പതിവു പല്ലവികൾ തുടങ്ങി. "ഇത് കേൾപ്പിക്കേണ്ട വല്ല കാര്യവുമുണ്ടോ... ജാസൂ... ഒന്നിങ്ങു വരുന്നുണ്ടോ?" മേശപ്പുറത്ത് രാത്രി വായിച്ചിട്ട് വെച്ചിരുന്ന കഥാപുസ്തകം അവൾ ഒറ്റത്തള്ളൽ. അതാ... അതിനുള്ളിൽ നിന്ന് ഉരുണ്ട് പിരണ്ട്‍ ചാടുന്നു ജാസ്മിൻ പെൻസിൽ..! കണ്ടുപിടിക്കപ്പെട്ട ചമ്മലിൽ നിലത്തു കിടന്നു ഉരുണ്ടു കളിക്കുകയാണ് കള്ളി. അവളെ എടുത്തു ബോക്സിൽ വച്ചു. പുതിയ ബോക്‌സാണ്. പപ്പ ആദ്യം എടുത്തത് ഒരു പ്രിൻസസ് പടമുള്ള ഒരു ബോക്‌സാ. വാശി പിടിച്ചു കരഞ്ഞതു കൊണ്ടാണ് മഴവില്ലു പോലുള്ള ഇവനെ കിട്ടിയത്. വഴക്ക് കുറച്ച് കേട്ടെങ്കിലെന്താ മിന്നിത്തിളങ്ങുന്ന ഈ മഴവില്ലു മിന്നനെ കൂട്ടു കിട്ടിയല്ലോ! ഷെൽഫിൽ മടക്കി വെച്ച പച്ച ടവ്വലെടുത്ത് മിന്നനെ തലോടി മിനുക്കി ബാഗിൽ വെച്ചു. മമ്മി, മിക്കിമൗസ് ദോശയുണ്ടാക്കി വെച്ചിട്ടുണ്ട്. രണ്ട് കുട്ടി തവി മാവ് രണ്ടുവശത്തും ഒഴിച്ച് ചെവിയുണ്ടാക്കും, എന്നിട്ട് നെയ്യൊഴിച്ചങ്ങു മൊരിയ്ക്കും. രണ്ടു ചെവിയിലും തക്കാളി ചട്നി കൊണ്ട് മിക്കി മൗസിനു ബോ യും ഉണ്ടാക്കി വെച്ചിട്ടുണ്ട് ഇന്ന്. "മിണ്ടിയും, പറഞ്ഞും തിന്നാനൊന്നും നേരമില്ല മിക്കീ... ബസ് വരാറായി." മിക്കിയെ വലിച്ചുവാരി അകത്താക്കി, ബാഗുമെടുത്ത് ഗേറ്റിലേക്ക് ഓടി. സ്കൂളിലെത്തുന്നത് ആലോചിക്കാനേ തോന്നുന്നില്ല. വല്ലയിടത്തും പോയി ഒളിച്ചിരുന്നാലോ...എന്നിട്ട് വൈകിട്ട് ഒന്നുമറിയാത്തപോലെ വീട്ടിലേക്ക് തിരിച്ച് ചെന്നാലോ.... യ്യോ.... മമ്മി, നാഴികയ്ക്ക് നാൽപ്പതുവട്ടം പിള്ളേര് പിടുത്തക്കാരുടെ കാര്യം പറയുന്നതാണ്. കണ്ണ് കുത്തി പൊട്ടിച്ച് , കയ്യും കാലുമൊക്കെ ഒടിച്ചു നുറുക്കി.... ഹമ്മേ... വേണ്ട.... വേണ്ട വേണ്ട! ഓരോന്ന് ആലോചിക്കുമ്പോഴേക്കും സ്കൂളിലെത്തി. ബസ്സിൽ നിന്ന് ഇറങ്ങുമ്പോഴേ കണ്ടു കിരണും, നിയയും, ഇസ്മയിലും, നന്ദനയുമെല്ലാം ആർത്തു ചിരിച്ച്, ഓടിത്തുള്ളി ക്ലാസിലേക്ക് നടന്നു പോകുന്നുണ്ട്. "...നീയെന്താ ഒരു മൂഡോഫ്..."? തിരിഞ്ഞുനോക്കി, ആരെയും കാണുന്നില്ല. പിന്നെ ആരാണ് ചോദിച്ചത്?? തോന്നിയതാവും. ".... ടീനാ....നീയെന്താ ചിരിക്കാത്തെ...?" അല്ല, തോന്നിയതല്ല. ആരോ ചോദിക്കുന്നുണ്ട്. അവൾ ചുറ്റും നോക്കി. ആരെയും കാണാനില്ല. പെട്ടെന്നാണ് കണ്ടത്... ബാഗിന്റെ രണ്ട് സൈഡിലെയും പോക്കറ്റുകൾ വിടർന്നിരിക്കുന്നു. പതുക്കെ ആടുന്നുമുണ്ട്. "നിൻറെയീ പുസ്തകങ്ങൾ ചുമന്ന് ചുമന്ന് എൻറെ നടുവൊടിയാറായി. ക്ലാസിൽ ചെന്നാലുട