വെക്കേഷൻ ബക്കറ്റ്‌ലിസ്റ്റ്

Updated: May 15, 2021

വെക്കേഷനൊരു വെക്കേഷൻ കഥയില്ലാതെ എങ്ങിനെ ശരിയാകും അല്ലേ കൂട്ടുകാരേ .... ദാ....ഇന്നീ കുഞ്ഞമ്മു കഥച്ചെപ്പ് തുറക്കുമ്പോ നീന്തിത്തുടിച്ചിങ്ങു ഒഴുകിയെത്തുന്നത് ആരെന്ന് നോക്കൂ ........"ആനീ... നീയൊന്ന് എഴുന്നേൽക്കുന്നുണ്ടോ? എത്ര നേരായി ദാ ശങ്കുണ്ണി നിന്നെ കാത്ത് നിൽക്കുന്നു!."അമ്മയുടെ അലറലു കേട്ടാണ് കണ്ണു തുറന്നത്.

"ശങ്കുണ്ണി! ഇവനെന്തിനാണ് ഈ കൊച്ചുവെളുപ്പാൻ കാലത്തെ എന്നെ കാത്തു നിൽക്കുന്നത് "പിറുപിറുത്തുകൊണ്ട് കണ്ണു തിരുമ്മി.

"വെക്കേഷനല്ലേ അമ്മേ...കുറച്ചു നേരം കൂടി ഉറങ്ങട്ടെ..."വെറുതെ ഒന്ന് പറഞ്ഞു നോക്കി.

"സൂര്യൻ ഉച്ചിയിൽ വരുമ്പഴും പെണ്ണിന് ഉറക്കം! ദാ ആ കൊച്ച് നേരം പരപരാ വെളുത്തപ്പോ വന്നതാ, നീ പറഞ്ഞിട്ട്. എണീക്കടി പെണ്ണേ..."

അമ്മ അടുക്കളയിലാണെന്ന് തോന്നുന്നു. പുട്ടിൽ ആവി കയറുമ്പോൾ ഉള്ള ആ അസ്സൽ മണം വീടാകെ പരക്കുന്നുണ്ട്.

ചാടി എഴുന്നേറ്റു. ഇപ്പോഴാണ് ഓർത്തത്.

"ശങ്കുണ്ണീ... വാടാ"ഒറ്റവലിയും വലിച്ചുകൊണ്ട് താഴത്തെ പറമ്പിലേക്ക് ഓടിയിറങ്ങി.

ശങ്കുണ്ണി ബാംഗ്ലൂര് നിന്നും എത്തിയിട്ട് രണ്ടു ദിവസമേ ആയിട്ടുള്ളൂ. അവന്റെ അച്ഛനും,അമ്മയും അവിടെഇലക്ട്രോണിക് സിറ്റിയിൽ കമ്പ്യൂട്ടർ എഞ്ചിനീയർമാരാണ്. ശങ്കുണ്ണിയ്ക്കും കമ്പ്യൂട്ടറിൽ ഒക്കെ നല്ല പിടിപാടാ. വെക്കേഷൻ തീരും മുന്നേ എന്നെയും ചില ഗെയിമുകളൊക്കെ പഠിപ്പിക്കാമെന്ന് വാക്കു തന്നിട്ടുണ്ട്. പകരം ഞാൻ അങ്ങോട്ടും ചിലത് ചെയ്തു കൊടുക്കണം... അവന്റെ വെക്കേഷൻ ബക്കറ്റ്‌ലിസ്റ്റ്!! അതിലൊന്നാണ് ഇന്ന് രാവിലേ തന്നെ നടപ്പാക്കേണ്ട ഈ പദ്ധതി.

"പെണ്ണേ....പല്ലു തേച്ചിട്ട് പോ..." അമ്മ പിറകിൽ ഒച്ചയിട്ടു.

പല്ലു തേപ്പൊക്കെ പിന്നെ. ഇളവെയിൽ പരക്കും മുന്നേ അവിടെ എത്തിയില്ലെങ്കിൽ ബക്കറ്റ് ലിസ്റ്റിൽ ഒന്നാമത്തേത് തന്നെ പൊളിയും.

താഴത്തെ പറമ്പിന്റെ അതിര് പൊട്ടക്കുളമാണ്. അത് കഴിഞ്ഞാൽ പാടം. പാടത്തെ പകുത്ത് വലിയൊരു തോടുണ്ട്. വലുതെന്നു പറഞ്ഞാൽ ആഴത്തിലല്ല. മുട്ടോളം വെള്ളം, നാലാൾ വീതി, അടിയിൽ ചരൽപ്പരപ്പ്. മിന്നി മിനുങ്ങുന്ന ഇളം ചോപ്പ് നിറമുള്ള ചരൽ....

"ആനീ ...ഒന്ന് പതുക്കെ. കാലു വേദനിക്കുന്നു." ചെരുപ്പിടാതെ മണ്ണിൽ ചവിട്ടുന്നതിന്റെ പരിഭവമാണ് ചെക്കന് !

കുളം കടന്ന് പാടവരമ്പിലേക്കിറങ്ങി. പുല്ലിൻ തുമ്പിൽ ഊർന്ന് തുളുമ്പിയ മഞ്ഞിൻ തുള്ളികൾ കാൽ വണ്ണയിൽ ഇക്കിളികൂട്ടി.

നാളെ വേണം, ഈ പടർച്ചപ്പുല്ലിന്റെ തണ്ടിൽ ഊറുന്ന ആകാശത്തുള്ളി കണ്ണിലിറ്റിച്ച് ശങ്കുണ്ണിയെ അമ്പരപ്പിക്കാൻ!

കാലനക്കം കേട്ട് വരമ്പിന്നോരത്ത് കൂർക്കം വലിച്ച ഒരു കുഞ്ഞിത്തവള ഒറ്റച്ചാട്ടം.

"യ്യോ..." ശങ്കുണ്ണി ഒറ്റയലർച്ച. ഇത്തിരിപ്പോന്ന ഒരു കുഞ്ഞിതവളയെ പേടിച്ചാണ് ഈ അങ്കം. ഓർത്താൽ ചിരി വരും. നൂറായിരം ആളുകളെ വെടിവെച്ചിടുന്ന ഒരു ഗെയിം ഇന്നലെ വൈകിട്ട് കമ്പ്യൂട്ടറിൽ ഞെളിഞ്ഞിരുന്ന് കളിച്ചയാളാണ്.

നാലഞ്ചു കണ്ടങ്ങൾ കൂടി കടക്കണം തോട്ടിൽ എത്താൻ. വീട്ടിൽ വന്നു കാത്തിരുന്ന ഉഷാറൊന്നും ഇപ്പൊ ശങ്കുണ്ണിക്കില്ല.